Sunday, April 17, 2016



മദ്യമായിരുന്നെന്നുമെൻ പ്രിയ സഖി 
മദ്ധ്യേ ഞാനിതാ പോകുന്നവൾ വഴി
ഓർമമായുന്ന നേരത്തു മൽസഖി 
ഓർത്തുവെക്കുവാനായ് ചിലതോതിടാം 
തൊട്ടുണർത്തുവാനാകാത്ത നിദ്രതൻ 
തൊട്ടിലിൽ ഞാൻ ഉറങ്ങി  കിടക്കവെ 
രണ്ടു നീർമണികൾ അടരാൻ ഇടറിടും 
ഈറനാംമിഴികൾ കൊണ്ടുഴിഞ്ഞെന്നെനീ  
അന്ന് ഒരു മാത്ര വലംവെക്കണം 
നാല് പൂക്കളെൻ മാറിലെറിയണം 
നാലഞ്ചു നാൾ കൂടി മൂകമായീടണം 
ഞാൻ മറന്നൊരു തണലായി മാറുവാൻ 
എന്നിലില്ലാത്ത മധുരം ചൊരിയുവാൻ 
തെങ്ങു വേണ്ടൊരു തേന്മാവു വേണമെൻ 
പട്ടടയിൽ നീ നട്ടു നനയ്ക്കുവാൻ 
മാറ് അറിയാഞ്ഞൊരെൻ ഉണ്ണിതൻ പാദങ്ങൾ 
മാവിലേറുന്നതെൻ ആത്മാവ് കാണണം 
അന്ന് നാളിലാ മാവിൽ നിന്നാദ്യമായ് 
മാമ്പഴം ഒന്ന് മണ്ണിൽ അടരവേ 
രണ്ടു നീർ മണികൾ മിഴിയിൽ പൊടിയണം 
പണ്ടോരമ്മതൻ മിഴികളിൽലെന്നപൊൽ 
കണ്ടു സന്തോഷമാകുമെൻ ആത്മാവിൻ 
മുക്തിയായിടും കുറ്റബോധക്കയത്തിൽ നിന്നാദ്യമായ് 

No comments: